2013, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

I.D. CARD

ഇമ്പ്രൂവ്മെന്റ്  പരീക്ഷകൾ തകർക്കുന്ന  കാലം. പൊട്ടന് ലോട്ടറി അടിച്ചെന്ന  നാടൻ ചൊല്ല് അന്വർദ്ധമാക്കുന്ന വിധം മുഴുവൻ മറക്കും വാങ്ങി,കരപറ്റി ,വിജയശ്രീലാളിതയായി ഞാനിരിക്കുന്നു....അക്ഷരാർത്ഥത്തിൽ  ഒരു പണിയുമില്ല.....
അങ്ങനെയിരിക്കെ ,ഇളയ സഹോദരനെ സ്കൂളിൽ കൊണ്ടു  വിടുകയെന്ന  'ഭാരിച്ച '  ഉത്തരവാദിത്തം എന്നിൽ നിക്ഷിപ്തമായി.മാതൃവിദ്യാലയത്തിൽ ഒരിക്കൽ കൂടി കാലുകുത്താനും ,പഴയ ഓർമ്മകൾ ചികഞ്ഞുവാരി  തൃപ്തിയടയാനുമുള്ള  ഒരവസരം എന്ന  നിലയിലും ഈ ചുമതല  എനിക്ക് സന്തോഷദായകമായിരുന്നു

                                                         പതിവുപോലെ രാവിലത്തെ ഓട്ടപ്പാച്ചിലിനു ശേഷം,ഞങ്ങളുടെ ശകടം പള്ള നിറയെ  ആളുമായി വീടു  വിട്ടു.അത്യാസന്ന നിലയിലുള്ള രോഗിയെ  കൊണ്ടുപോകുന്ന ആംബുലൻസിന്റെ  മുഖമാണ്  ഞങ്ങളുടെ  ALTO  LXI  വണ്ടിക്കെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.സമയത്തിന് സ്കൂളിലെത്താൻ വെമ്പൽ കൊള്ളുന്ന യാത്രക്കാരുടെ മുഖഭാവവും  മേൽപ്പറഞ്ഞ  ഉപമയെ സാധൂകരിക്കുന്നതാണ്.

                                        സ്കൂളെത്തി.  മുന്തിരിയുടെ  ബാഗ്‌ ഒരു കയ്യിലും, മറ്റേ കൈയ്യിൽ  മുന്തിരിയെത്തന്നെയും  തൂക്കി ഞാൻ നടന്നു.എന്തുകൊണ്ടോ, അപ്പോൾ അവൻറെ  മുഖത്ത് നോക്കിയപ്പോൾ ,പണ്ട് കേട്ട ഒരു നാടോടിനൃത്ത  ഗാനത്തിൻറെ  വരികളാണ് ഓർമ  വന്നത്.
                   "എന്തിനീ  ക്രൂരത ബാലകരോട്
                      പറയൂ  നിങ്ങൾക്കും മക്കളില്ലേ??"

പള്ളി മോടി പിടിപ്പിച്ച ശേഷം കണ്ടിട്ടില്ല..ദൈവസന്നിധിയിൽ ഒന്ന് പ്രാർത്ഥിച്ചിട്ട്‌  പോകാമെന്ന എൻറെ ആശയത്തോട്  അവൻ വിമുഖത പ്രകടിപ്പിച്ചു.പരീക്ഷയല്ലേയെന്ന്  ഓർമ്മപ്പെടുത്തിയപ്പോൾ  ,"  പുറത്തു നിന്ന് പ്രാർത്ഥിച്ചോളാം ", എന്ന  മറുപടി ലഭിച്ചു . തുടർന്ന് നെറ്റി മുതൽ നെഞ്ച് വരെ അടിച്ചു പരത്തി  കുരിശും വരച്ച് അവൻ മുന്നോട്ടു നടന്നു.



                                                        സെക്യൂരിറ്റി  ജോസേട്ടനോട്  കുശലം പറഞ്ഞ് , ഒരുപാട് നടന്നും ,ഓടിയും സുപരിചിതമായ ,കുത്തനെയുള്ള ഇറക്കമിറങ്ങുമ്പോൾ ,.."ചേച്ചി "...എന്ന്  മധുരിതമായ  ഒരു പിൻവിളി.ഇറക്കം ഓടിയിറങ്ങി,ഞങ്ങൾക്കു നേരെ വരുന്ന  I B ക്ലാസ്സിലെ  അലീനയെ കണ്ടതും ,മുന്തിരി ക്ഷണനേരം കൊണ്ട് എൻറെ വലതുകൈ  വിട്ട്  ഇടതുകൈയിലേക്ക് ചേക്കേറി .പഴയൊരു  'ഇടിക്കഥയുടെ'  ഓർമ്മച്ചുരുളുകൾ  മനസ്സിൽ  നിവർന്നതിനാലാവാം,ലോലഹൃദയനായ  മുന്തിരി അവളിൽ നിന്നും ഒരു നിശ്ചിത  അകലം പാലിക്കാൻ ശ്രദ്ധിച്ചിരുന്നു.ഇടതുകൈയിൽ  സ്കൂൾ ബാഗ്‌ ,പിന്നെ കുത്തിവീർപ്പിച്ച മുഖത്തോട് കൂടിയ  ബാഗുടമ. വലതുകൈയിൽ കിലുകിലെ സംസാരിക്കുന്ന IB കാരി അലീന.

                                                           പ്രൈമറി  സെക്ഷൻറെ പടവുകൾ  കയറിക്കഴിഞ്ഞ്,അലീന യാത്ര  പറഞ്ഞു പോയി . ഈ  അണ്ഡകടാഹം  മുഴുവൻ  ഉൾകൊള്ളുന്ന  ബാഗും തോളിലിട്ട്‌,ഉമ്മയും തന്ന്, മുന്തിരി  തീർത്തും  നിസ്സംഗനായി  II B  ക്ലാസ്സിലേക്ക്‌  പടവുകൾ കയറിപ്പോയി . മുകളിലെത്തി അവൻ റ്റാറ്റാ  തരുമെന്ന പ്രതീക്ഷയിൽ  ഞാൻ കുറച്ചു നേരം കൂടി  കാത്തു നിന്നു.ഒന്നു  രണ്ടു  നിമിഷങ്ങൾക്കകം , വിഹ്വലത  നിഴലിക്കുന്ന  ഒരു 'വട്ടയപ്പവദനം'  ഭിത്തിക്ക് മുകളിൽ   പ്രത്യക്ഷമായി. അവൻ കൈ വീശി എന്തോ പറഞ്ഞയുടനെ  തിരിഞ്ഞു നടന്നു. സർവ്വം  മംഗളമെന്നു വിശ്വസിച്ച് ഞാൻ തിരികെ പോന്നു.

                                                           പത്തടി  നടന്നില്ല..ഭയചകിതമായ  ഒരു പിൻവിളി.. "അമ്മുച്ചേച്ചി ...അമ്മുച്ചേച്ചി ..."..അണ്ഡകടാഹം ഉൾക്കൊള്ളുന്ന  ബാഗും തൂക്കി ,മുന്തിരി മണ്ടിപ്പാഞ്ഞു  വരുന്നു. ആകെ  ബേജാറായി  ചുവന്ന മുഖം.

                                                             ആ വരവ്  കണ്ടപ്പോൾ, ഉള്ളിലെ   സഹോദരസ്നേഹം മുഴുവൻ പുറത്തേക്ക്  ഒഴുകിപ്പരന്നു.ഇരുകൈകളാലും അവനെ ചേർത്തുപിടിച്ച്  കാര്യം തിരക്കി .
" ID  Card  ഇട്ടില്ല ..." ഗദ്ഗദകണ്ഠനായി  മുന്തിരി  പറഞ്ഞു നിറുത്തിയതും, കുഞ്ഞിക്കണ്ണുകൾ  നിറഞ്ഞു തുളുമ്പി . മുതിർന്നവർക്ക്  തീര്ത്തും നിസ്സാരമായി തോന്നാവുന്ന  ഈ പ്രശ്നം ,  പക്ഷെ  തരളഹൃദയനായ  മുന്തിരിയെ  സംബന്ധിച്ച് എത്ര  ഗുരുതരമാണെന്ന് ഊഹിക്കാൻ  എനിക്ക് കഴിയും.


                                                          ക്ലാസ്സിൽ കയറാതെ ,എൻറെ  വിരലിൽ തൂങ്ങിക്കിടന്നു  കരയുന്ന മുന്തിരിക്കു ചുറ്റും സഹൃദയരായ  സഹപാഠികൾ വട്ടംകൂടി.കഴുത്തിൽ വാലുള്ള വാല്മാക്രികൾക്ക് നടുവിൽ ,വാലില്ലാത്ത  വെറും മാക്രിയായി  മുന്തിരി നിന്നു  കരഞ്ഞു .ഏതു വിധേനയും അവൻറെ  കരച്ചിൽ  നിറുത്താൻ പാടുപെടുമ്പോഴാണ് ,ഒരു കുസൃതിക്കാരൻ  വാല്മാക്രിയുടെ വക കമൻറ്.
" ID  card  ഇല്ലെങ്കിൽ പ്രിൻസിപ്പലിൻറെ  റൂമിൽ  കൊണ്ടോകും...!!!"
മുന്തിരിയുടെ  കരച്ചിൽ  ഉച്ചത്തിലായി.

"അങ്ങനെയൊന്നും ഉണ്ടാവില്ല ". ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ചെക്കൻ  വിടുന്ന മട്ടില്ല
" ഇല്ല  ചേച്ചി ...കൊണ്ടോകും ....ഫൈനും  ഇടും ..."
അവൻറെ  മുഖത്ത് പടർന്ന  കള്ളച്ചിരി  എൻറെ നിസ്സഹായാവസ്ഥയെ  നോക്കി കൊഞ്ഞനം  കുത്തുന്നുണ്ടായിരുന്നു.അവൻ തന്നെ പോയി ക്ലാസ്സിലെ എല്ലാ മണുങ്ങൂസുകളെയും  വിളിച്ചുകൊണ്ടു വന്നു.ഓഡിയൻസ്  കൂടിയപ്പോൾ മുന്തിരിയുടെ കരച്ചിൽ  ഉച്ചസ്ഥായിയിലെത്തി.

അടുത്തു  നിന്ന കളമൊഴി  മൊഴിഞ്ഞു.
"  സാരമില്ല  ചേച്ചി ...മിസ്സിനോട് പറഞ്ഞാൽ  മതി ...വഴക്ക്  പറയില്ല.."
കൂട്ടത്തിൽ  ആശ്വാസദായകമായ ഒരു വാക്കുരുവിടാൻ  കാരുണ്യം കാണിച്ച  ആ  കളമൊഴി   ,അഞ്ജന .K . സിജി  ആണെന്ന് ,അവളുടെ കഴുത്തിലെ  വാല്  വിളിച്ചു പറഞ്ഞു.

                                               മുന്തിരിയെയും  കൂട്ടി ഞാൻ ക്ലാസ്സ്‌ ടീച്ചറെ ചെന്നുകണ്ടു..മിസ്സിൻറെ  ആശ്വാസവാക്കുകൾ കേട്ട് മുന്തിരി സമാധാനിച്ചു . എൻറെ  കൈയും , അവൻറെ  കൈയും, എൻറെ തൂവാലയുമെല്ലാം കൊണ്ട്  മുഖം തുടച്ച്,അവൻ ക്ലാസ്സിലേക്ക് കയറിപ്പോയി.കൂടെ എന്റെ തൂവാലയും കൊണ്ടുപോയി.അവൻ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി റ്റാറ്റാ തരുന്നതു  വരെ  ഞാനവിടെ നിന്നു .പിന്നെ തിരിഞ്ഞു നടന്നു.

                                               വെയിലിനു കാഠിന്യം  ഏറി വരുന്നുണ്ടായിരുന്നു.കയറ്റം കയറി മുകളിലെത്തിയപ്പോഴേക്കും  ആകെ  വിയർത്തു.ഒരു നിമിഷം തൂവാലക്കായി  തിരഞ്ഞ് , ഒരു ചെറു  ചിരിയോടെ  ചുരിദാറിൻറെ  കൈകളിൽ  നെറ്റി തുടയ്ക്കുമ്പോൾ ,ഒരു കൊച്ചു നൊമ്പരത്തിൻറെ , കണ്ണുനീരിൻറെ  ഓർമ്മകൾ  എന്നെ തലോടി ....

1 അഭിപ്രായം: