2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

ഒരു കൊച്ചു വേർപാട്

പ്രഭാതത്തിൽ  മുറ്റത്തിറങ്ങിയപ്പോൾ  എതിരേറ്റത് , ആദ്യം തെല്ല് ഭയപ്പെടുത്തിയും ,പിന്നീടു വിസ്മയിപ്പിച്ചും നിലനിന്ന വലിയ ചിലന്തിവലയാണ്.ഒരറ്റം കൊലായയിലെ  തൂണിലും .മറ്റേയറ്റം ,മുറ്റത്ത്‌ നിന്ന് ബാൽക്കണി വരെ നീളുന്ന ബോഗെയ്ൻവില്ലയുടെ  ഉയർന്ന കൊമ്പിലും കുരുക്കി ,വലിഞ്ഞു നിവർന്നു  നില്ക്കുന്ന കലക്കൻ ചിലന്തിവല.
ഒരു നെയ്ത്തുകാരന്റെ പാടവത്തെ വരച്ചുകാട്ടുന്ന ആ  നൂലിഴകൾക്ക് , പക്ഷേ  ഇരയെ  തിരയുന്നവന്റെ ക്രൗര്യവും കൗശലവും  ഉണ്ടായിരുന്നില്ല.

 പവിഴം  പതിച്ച പുൽക്കൊടികൾക്ക് പിന്നിൽ നിന്ന് സൗമ്യമായ  ചില ശബ്ദങ്ങൾ കേൾക്കുന്നു.തനിക്കു മുന്നിൽ തെളിയുന്ന പുതുലോകത്തെ സസൂക്ഷ്മം വീക്ഷിക്കുന്ന ഒരുവൻറെ  നേർത്ത ഹർഷാരവം.

                'ചൊവ്വ ' എന്ന  ഓമനപ്പേരിട്ട് കുടുംബത്തിലെ ഇളയ സന്തതി പരിപാലിച്ചിരുന്ന പൂച്ചപ്പെണ്ണിനു  'കുടവയറ്' പ്രത്യക്ഷപ്പെട്ടത് ശ്രദ്ധയിൽപെട്ടിട്ട് ഒരാഴ്ച്ചയെ  ആയുള്ളൂ.മുറ്റത്തിന്റെ  ഒരു കോണിൽ ,കാട്ടുചെടികൾ വളർന്നു നില്ക്കുന്നതിനു  പുറകിലായി കൂട്ടിയിട്ടിരിക്കുന്ന പഴയ ചാക്കുകൾകൊണ്ട്  മെത്തയൊരുക്കി ,തള്ളപ്പൂച്ച ,പിറന്നു വീണ പഞ്ഞിക്കെട്ടിനു ചൂട് പകരുന്നു.

      'രക്ഷാധികാരി '  ഉറക്കമുണർന്നിരുന്നില്ല.ഒന്നാം ക്ലാസ്സിലെ ഭാരിച്ച പഠനപ്രവൃത്തികൾ  ശാപവാക്കുകളുടെ  അകമ്പടിയോടെ തത്രപ്പെട്ട്  ചെയ്തുതീർത്തപ്പോഴേക്കും രാത്രിയേറെ വൈകിയിരുന്നു.പതിനൊന്നാം  മണിക്കൂറിലെ  ഈ 'ആത്മാർത്ഥ പഠന'ത്തിൻറെ  ആലസ്യം  തീരണമെങ്കിൽ ,സൂര്യൻ ഉച്ചിയിലും, മുതുകത്തും, നെഞ്ചത്തും ഒരേസമയം  ഉദിക്കണം.പൂച്ചക്കുഞ്ഞിനെ  കണ്ടെത്തിയാൽ പിന്നെ  സ്കൂളും ദിനചര്യകളും  ഉപേക്ഷിച്ച് ,അതിന്റെ പേരിടൽ,ചോറൂണ് ,മാമ്മോദീസ ,തുടങ്ങിയ സകല ചടങ്ങുകളുടെയും കാർമികത്വം മൂപ്പരേറ്റെടുക്കും.

                                                    ഉണ്ണിക്കുട്ടൻ സ്കൂളിൽ പോയതിനു ശേഷമാണ്  പുതിയ അതിഥിയെക്കുറിച്ച് അവനോട് പറഞ്ഞില്ലെന്ന കാര്യം ഓർമിക്കുന്നത്.
പിന്നീട്  അമ്മയോടൊത്ത് കോലായയിൽ  ഇരിക്കുമ്പോൾ  പൂച്ചക്കുഞ്ഞിന്റെ കരച്ചിൽ കേട്ടു .പോർച്ചിനു മുന്നിലായി  ചോരയൊലിച്ചു കിടക്കുന്ന കുഞ്ഞിനെ  ഒരു കാക്ക കൊത്തിവലിക്കുന്നു.കുടൽമാല  പുറത്തു ചാടി  മൃതപ്രായനായ പൂച്ചക്കുഞ്ഞ് .                             
                                                             സഹജമായ സഹജീവിസ്നേഹത്തിന്റെ  ഉൾപ്രേരണയാൽ അമ്മ  പാഞ്ഞുചെന്ന് കാക്കയെ ഓടിച്ചു.വെളുത്ത പഞ്ഞിക്കെട്ടു മുഴുവൻ  ചോര പടർന്ന് ചുവന്നിരുന്നു.വിറങ്ങലിക്കുന്ന  ആ കുഞ്ഞുദേഹവും അരക്ഷിതത്വം  വന്നു നിറയുന്ന ,പാതിയടഞ്ഞ കണ്ണുകളും ഉള്ളിലെവിടെയോ ഒരു നൊമ്പരമുണർത്തി

                     ആ പൂച്ചക്കുഞ്ഞിനു വേണ്ടി  പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന  ബോദ്ധ്യമോ ,അതല്ലെങ്കിൽ ,ആസന്നവും സുനിശ്ചിതവുമായ  അതിന്റെ മരണം കണ്മുന്നിലാവരുതെന്ന ആഗ്രഹമോ ആവാം പെട്ടെന്ന് ,പരിഷ്കൃതയും പരിസരമലിനീകരണത്തെക്കുറിച്ച്  ബോധവതിയുമാകാൻ  അമ്മയെ പ്രേരിപ്പിച്ചത്.മുറ്റം  വൃത്തികേടാകുമെന്ന കാരണം പറഞ്ഞുകൊണ്ട്  അമ്മ പൂച്ചക്കുഞ്ഞിനെ മതിലിനപ്പുറത്തെ  കാടുപിടിച്ച  പറമ്പിലേക്കിട്ടു.കഴിയുന്നിടത്തോളം  അതിനെ കാക്കയിൽ നിന്നും മറച്ചുപിടിക്കുക എന്ന നന്മയും ആ പ്രവൃത്തിക്കു  പിന്നിലുണ്ടായിരുന്നു.

                                      തൻറെ  ഇരയെ അത്ര പെട്ടെന്ന് കൈവിടാൻ പക്ഷേ ,കാക്ക തയ്യാറായിരുന്നില്ല .ഞങ്ങൾ മടങ്ങിയെത്തുമ്പോഴേക്കും കാക്ക പൂച്ചക്കുഞ്ഞിനെ കണ്ടെത്തിയിരുന്നു.പിന്നീട് കാണുന്നത് തള്ളപ്പൂച്ചയും കാക്കയും തമ്മിലുള്ള നേർക്കുനേർ യുദ്ധമാണ്.പൂച്ച പലതവണ ചീറിയടുത്തിട്ടും പിന്മാറാതെ നിന്ന കാക്കയ്ക്ക് ,പക്ഷേ അധികനേരം എതിർക്കാനായില്ല .


                കുഞ്ഞിൻറെ   ചോരയൊലിക്കുന്ന  ദേഹവും  കടിച്ചുപിടിച്ച്  വരുന്ന തള്ളപ്പൂച്ച വേദനാജനകമായ  കാഴ്ചയായിരുന്നു.ചുറ്റുമതിലിനും തൂണിനുമിടയിലുള്ള  ചെറിയ ഇടുക്കിനു മുകളിൽ ബോഗെയ്ൻവില്ല  പടർന്നു പന്തലൊരുക്കിയിരുന്നു . ആ താത്ക്കാലിക  രക്ഷാകേന്ദ്രത്തിനു ,ബോഗെയ്ൻവില്ല  വേരുകൾ  തീർത്ത, പ്രാകൃതമെങ്കിലും ആശ്വാസകരമായ ഒരു ചെറു സംരക്ഷണവുമുണ്ടായിരുന്നു. കുഞ്ഞിനെ അവിടെ കിടത്തി ,തള്ളപ്പൂച്ച ചോര പുരണ്ട കുഞ്ഞുശരീരം തുടച്ചു വൃത്തിയാക്കാൻ തുടങ്ങി.വേദനിപ്പിക്കുന്ന ആ കാഴ്ചയിൽ നിന്ന് ഞാൻ വേഗം പിന്തിരിഞ്ഞു.

                                  അധികം താമസിക്കാതെ തള്ളപ്പൂച്ച പുറത്തിറങ്ങി എങ്ങോ മറഞ്ഞു.വർദ്ധിച്ച  ജിജ്ഞാസയോടെ ഇടുക്കിൽ തലയിട്ടു നോക്കിയപ്പോൾ കണ്ടത് ഒരു കൊച്ചു തല മാത്രമാണ്..ഒരു നാരങ്ങയോളം മാത്രം വലിപ്പമുള്ള കുഞ്ഞു തല --പാതിയടഞ്ഞ മിഴികളും ,കുഞ്ഞിച്ചെവികളുമുള്ളത്. സ്വാസ്ഥ്യം കെടുത്തുന്ന ആ കാഴ്ച അധിക നേരം  കണ്ടു  നില്ക്കേണ്ടി വന്നില്ല . എവിടെയോ മറഞ്ഞിരുന്ന് സർവ്വതും വീക്ഷിച്ച  കാക്ക, ആ കൊച്ചു ജീവൻറെ അവസാന ശേഷിപ്പും കൊത്തിയെടുത്തു പറന്നു .എങ്കിലും  പാതിയടഞ്ഞ ആ  മിഴികൾ  ദിവസങ്ങളോളം എന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു

                                        ദാരുണമായ  ഈ  സംഭവം  ഉണ്ണിക്കുട്ടൻ ഒരിക്കലും അറിഞ്ഞില്ല.പൂച്ചക്കുഞ്ഞു ജനിച്ച വിവരം പറയാഞ്ഞത് നന്നായിയെന്നു പിന്നീടെനിക്ക്  തോന്നി.അതല്ലെങ്കിൽ സ്കൂൾ വിട്ടു വന്ന്  പൂച്ചയെ അന്വേഷിക്കുന്ന  അവനോട് ,കാക്ക കൊത്തിവലിച്ച പൂച്ചക്കുഞ്ഞിന്റെ ശേഷിച്ച  കുഞ്ഞിത്തലയെക്കുറിച്ചു  വിവരിക്കേണ്ടി വന്നേനേ.സ്വതവേ  തരളഹൃദയനായ ഉണ്ണിക്കുട്ടന് , തന്റെ പ്രിയപ്പെട്ട പൂച്ചയുടെ വേർപാട് താങ്ങാവുന്നതിന് അപ്പുറമായിരിക്കുമെന്നു ഊഹിക്കാൻ എനിക്ക് കഴിയും ..ജനനമരണങ്ങളെക്കുറിച്ചും  ജീവിത  കാലയളവുകളെക്കുറിച്ചും  പരിമിതമായ  അറിവുകൾ  മാത്രമുള്ള  ആ  ആറു  വയസ്സുകാരനു  മുന്നിൽ ,അവൻറെ  'ചൊവ്വ ' ഇന്നും  ഗർഭിണിയാണ്



                                                     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ