2013, ഒക്‌ടോബർ 2, ബുധനാഴ്‌ച

അപ്പൂപ്പൻതാടി

മദ്ധ്യവേനൽ  അവധിക്ക്  സ്കൂൾ  അടയ്ക്കുന്നതിന്  ഒരു മാസം മുമ്പേ തന്നെ വീട്ടിൽ  വിരുന്നെത്തി തുടങ്ങിയ  വെള്ളിനാരുകൾ  കണ്ടപ്പോൾ തൊട്ട്  ഉണ്ണിക്കുട്ടൻ  ദിവസങ്ങൾ എണ്ണി  കാത്തിരിക്കുകയാണ് ,അവധിക്കാലത്തിനായി ..ഇളം കാറ്റിന്റെ  താളത്തിനൊപ്പിച്ച്  തെന്നി പറക്കുന്ന അപ്പൂപ്പൻ  താടികളെ കുറിച്ച്  ആദ്യം പറഞ്ഞുകൊടുത്തത് വല്ല്യേച്ചിയാണ്.
ആദ്യത്തെ അപ്പൂപ്പൻ  താടി  കയ്യിലെടുത്തപ്പോൾ  മുതൽ  ഉണ്ണിക്കുട്ടൻ ആഗ്രഹിക്കുന്നതാണ് ,കാറ്റത്ത്‌ ഉയർന്നു പൊങ്ങി  ഓളംതല്ലി നീങ്ങുന്ന ഒറ്റക്കണ്ണൻ അപ്പൂപ്പൻ  താടികൾക്ക് പിന്നാലെ  കൈകാലുകളുള്ള  മറ്റൊരു അപ്പൂപ്പൻതാടിയായി  പറക്കാൻ 

                                മദ്ധ്യവേനലവധി  ഒന്നു  തുടങ്ങിക്കിട്ടിയിരുന്നെങ്കിൽ  അപ്പൂപ്പൻതാടിയിലേക്ക് മുഴുവനായി  തിരിയാമായിരുന്നു. പരീക്ഷ കഴിഞ്ഞ് KG  യിൽ  നിന്നും  ഒന്നാംക്ലാസ്സിലേക്ക്  ജയിച്ചതിൻറെ  സന്തോഷത്തെക്കാളേറെ ,ഇക്കിളിപ്പെടുത്തുന്ന  ആ പതുപതുപ്പ് അവനെ ആകർഷിച്ചിരുന്നു.
                                      

                                    അവധി തുടങ്ങിയപ്പോഴേക്കും, മുറ്റം നിറയെ  പഞ്ഞിക്കെട്ടുകൾ പറന്നെത്തിയിരുന്നു .ചെറുതും വലുതുമായ അപ്പൂപ്പൻതാടികൾ  പെറുക്കി ,ടെറസ്സിൽ നിന്നും ഉയരങ്ങളിലേക്ക്  പറത്തിവിടുമ്പോൾ അവന്റെ മനസ്സ് അപ്പൂപ്പൻ താടികളെക്കാൾ  ഉയരത്തിൽ  പറന്നു .അപ്പൂപ്പൻതാടികളുടെ  ചരിത്രമറിയാൻ  തിടുക്കം കൂട്ടിയ ഉണ്ണിക്കുട്ടന് ,അമ്മയും ചേച്ചിമാരുമാണ്‌ ,അപ്പൂപ്പൻതാടിയുടെ ചെടിയെക്കുറിച്ച് പറഞ്ഞു കൊടുത്തത്. .വിത്തുകൾ താങ്ങിപ്പിടിച്ച്‌  പറന്നു പൊങ്ങുന്ന വെള്ളിനാരുകൾ നോക്കി അവൻ കൗതുകം പൂണ്ടു .

                           വീട്ടുമുറ്റത്ത്‌ വന്നു  നിറയുന്ന എണ്ണമറ്റ  അപ്പൂപ്പൻതാടികളുടെ  ഉത്ഭവം  ആദ്യം കണ്ടെത്തിയത് അമ്മയാണ്. കിണറ്റിൻകരയിൽ  നില്ക്കുന്ന മരത്തിൽ  ചുറ്റിപ്പിണഞ്ഞു കിടക്കുന്ന അപ്പൂപ്പൻതാടിവള്ളിയിൽ  അങ്ങിങ്ങായി  അഞ്ജലീബദ്ധരായി  തൂങ്ങിക്കിടക്കുന്ന കായ്കൾ.പൊട്ടിയ  കായ്കളിൽ  വെളുത്ത പഞ്ഞിക്കെട്ടുകൾ.കൂട്ടത്തിൽ  നിന്നും വേർപെട്ട്  കാറ്റിനൊപ്പം  പുതിയ ദൂരങ്ങൾ താണ്ടാൻ വെമ്പൽ കൊള്ളുന്ന കുരുന്നു നാരുകൾ .

                                   ഒറ്റക്കയ്യിൽ  തൂങ്ങിയാടി ,അടുത്ത കാറ്റിനൊപ്പം പുറത്തു ചാടാൻ  കാത്തു നില്ക്കുന്ന കുസൃതിയായ അപ്പൂപ്പൻതാടിയെ ,വല്ല്യേച്ചിയാണ് ഉണ്ണിക്കുട്ടന് കാട്ടിക്കൊടുത്തത് .ടെറസ്സിലെ  ഒരു കോണിൽ നിന്നുകൊണ്ട് ,ഉണ്ണിക്കുട്ടൻ ഇമവെട്ടാതെ നോക്കി.ഓരോ തെന്നൽ കടന്നുപോയപ്പോഴും അപ്പൂപ്പൻതാടി ,തന്നെ തടഞ്ഞു നിറുത്തുന്ന  കെട്ടുപാടുകളെ  വിടുവിക്കാൻ പ്രയാസപ്പെട്ടു . വെള്ളിനാരുകൾ നേർത്ത കൊമ്പുകളിൽ  ഉടക്കി വലിഞ്ഞുകൊണ്ടിരുന്നു.

                                        അപ്പൂപ്പൻതാടിയുടെ കഷ്ടപ്പാട് കണ്ടുനില്ക്കാൻ ത്രാണിയില്ലാതെ  ഉണ്ണിക്കുട്ടൻ വലിയ കാറ്റു വരാൻ പ്രാർത്ഥിച്ചു .ഇപ്പോ വീഴും എന്ന പ്രതീക്ഷയിൽ വല്ല്യേച്ചിയും ഉണ്ണിക്കുട്ടനും കണ്ണു  ചിമ്മാതെ നോക്കിനിന്നു.സഹികെട്ട  ഉണ്ണിക്കുട്ടൻ യഥാസമയത്ത്  വീശാതെ മടി കാണിക്കുന്ന കാറ്റിനെ ശപിച്ചു .ഉണ്ണിക്കുട്ടൻറെ വാക്കുകളിൽ  പ്രകോപിതനായെന്നോണം കാറ്റു വീശിത്തുടങ്ങി.ഒറ്റക്കയ്യിൽ  ചാഞ്ചാടി നില്ക്കുന്ന അപ്പൂപ്പൻതാടിയെത്തന്നെ അവൻ സസൂക്ഷ്മം  വീക്ഷിച്ചു 
ഒന്ന് ...രണ്ട് ...മൂന്ന് ...
കുട്ടൻ എണ്ണിത്തുടങ്ങി .കുഞ്ഞുനാരുകൾ ഓരോന്നായി വിടുവിച്ച്  അപ്പൂപ്പൻതാടി ഒന്നുയർന്നു പൊങ്ങി.അടുത്ത ചില്ലയിൽ തട്ടി ഒന്ന് നിന്നു.പിന്നെ  രണ്ടു തവണ തലകുത്തി മറിഞ്ഞ് ,ആകാശത്തേക്ക്  ഉയർന്നുപൊങ്ങി.അസ്തമയസൂര്യന്റെ  സ്വർണരശ്മികൾ ആ  വെള്ളിനാരുകൾക്ക്  തിളക്കം നല്കി.സ്വാതന്ത്ര്യത്തിൻറെ വായു നുകർന്നുകൊണ്ട്  അത് ഏറെനേരം തുള്ളിക്കളിച്ചു...പിന്നെ ,തൻറെ നിയോഗവും പേറി ,പുതിയ ലക്ഷ്യം തേടി ,വിദൂരതയിൽ  തെന്നി മറഞ്ഞു ...

1 അഭിപ്രായം: