2013, നവംബർ 5, ചൊവ്വാഴ്ച

നിറഞ്ഞ മിഴികൾ


പ്രാർത്ഥിച്ചു  തുറക്കുന്ന  മിഴികൾക്കു മുന്നിൽ ,പാഞ്ഞടുക്കുന്ന ചോദ്യശരങ്ങൾ  മാത്രമായിരുന്നു അന്ന്  ഓരോ മനസ്സിനെയും മൂടിയിരുന്നത് . ഒരു വിദ്യാർത്ഥി ജീവിതത്തിൻറെ  സുപ്രധാന  സ്റ്റേഷനുകളിൽ  പച്ചക്കൊടി വീശി പ്രവേശനാനുമതി  നൽകേണ്ട സ്റ്റേഷൻ മാസ്റ്റർ  പരീക്ഷയുടെ  ഓവർകോട്ടിട്ട് തയ്യാറായിക്കഴിഞ്ഞിരുന്നു.

                                                        പ്രാർത്ഥനയും  ഭീതിയും കലർന്ന ഒട്ടേറെ  മിഴികൾ അലക്ഷ്യമായി പലതിലും തട്ടി തടഞ്ഞു പോകുന്നുണ്ടായിരുന്നു.ചിലർ  അവസാനവട്ട  ഒരുക്കമെന്ന  നിലയിൽ  പാഠപുസ്തകം  ആദ്യാവസാനം മറിച്ചു നോക്കുന്നു. ഒരു  "എന്തിരൻ ഫൈനൽ ടച്ച്‌ "!
ചിലരാകട്ടെ ,സൂര്യനെ വിഴുങ്ങാൻ പാഞ്ഞടുക്കുന്ന രാഹുവിനെപ്പോലെ ,പുസ്തകം അപ്പാടെ വിഴുങ്ങുന്നുണ്ട് .മുറിഞ്ഞ ഗളത്തിലൂടെ വിഴുങ്ങിയതാകെ പുറത്തേക്ക്  വീണുകൊണ്ടിരുന്നു.
   പരീക്ഷാക്കാലത്തെ വിശേഷപ്പെട്ട  പ്രഭാതദൃശ്യങ്ങളിൽ  ഒന്നാണിത് -ഓടുന്ന  ബസ്സിലും, സീബ്ര ക്രോസ്സിംഗിലും ,ഫുട്പാത്തിലും ,പള്ളിനടകളിലുമെല്ലാം  കാണുന്ന,പുസ്തകത്തിൽ പൊതിഞ്ഞ പുകയുന്ന തലകൾ!!
                                   
                                                    ബസ്സിലെ മിക്ക യാത്രകളും വിശേഷഭാവങ്ങളുള്ള  ഒരു കഥാപാത്രത്തെയെങ്കിലും  സമ്മാനിക്കാറുണ്ട്.അന്നത്തെ യാത്രയിൽ ഒരു തമിഴത്തിയും ഉണ്ടായിരുന്നു .വണ്ടിയിൽ കയറിയത് മുതൽ അവർ മുറുക്കാൻ തുടങ്ങിയിരിക്കുന്നു.
 വിദ്യാർത്ഥികളും ഓഫീസ് ജീവനക്കാരും തിങ്ങി നിറഞ്ഞ ബസ്സിൽ ,തനിക്ക്  ലഭിച്ച  ഇരിപ്പിടത്തിൽ അവർ തീർത്തും അസംതൃപ്തയായി കാണപ്പെട്ടു.വണ്ടി നിറുത്തുമ്പോഴോ ,പെട്ടെന്നു  മുന്നോട്ടെടുക്കുമ്പോഴോ  അനുഭവപ്പെടുന്ന ഉന്തും തള്ളും  അവരെ മാത്രമാണോ അലട്ടിയിരുന്നത്???
അടുത്ത്നില്ക്കുന്ന കുട്ടികളുടെ കൈയ്യോ കാലോ തൻറെ  ദേഹത്ത്  സ്പർശിക്കുന്നത്‌  അവർക്ക്  പൊറുക്കാനാവുമായിരുന്നില്ല.അരികെ നിൽക്കുന്ന വിദ്യാർത്ഥികൾക്കു  നേരെ അവർ തനിക്ക് മാത്രം മനസ്സിലാവുന്ന  ഭാഷയിൽ പുലഭ്യം പറഞ്ഞുകൊണ്ടിരുന്നു.മുറുക്കാൻ വായിലിട്ട് സംസാരിക്കുന്നതിനിടെ  അവരുടെ കറപിടിച്ച  പല്ലുകൾ നിരന്തരം വെളിവാക്കപ്പെട്ടു.

                                            കുട്ടികൾ അറപ്പോടും ,തെല്ല് കൌതുകത്തോടും  കൂടി അവരെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.വണ്ടിയിലെ തല മുതിർന്ന യാത്രക്കാരികൾ അവരെക്കുറിച്ച് പിറു പിറുക്കുന്നത്‌  അവരും ശ്രദ്ധിക്കാതിരുന്നില്ല.റെയിൽവേ സ്റ്റേഷനെത്തി , അവരിറങ്ങിയപ്പോൾ  വണ്ടിയിലാകെ വീശിയ ആശ്വാസത്തിൻറെ  കാറ്റ്  ചെറുതല്ലായിരുന്നു.

                                              Ponmankal motors -ൻറെ  ചുവന്ന ശകടം ,ലോഗോസ് ജംഗ്ഷനിൽ സിഗ്നൽ കാത്തു കിടക്കവേ , പുസ്തകം ചുഴിഞ്ഞു പരതുന്ന മിഴികൾക്കിടയിൽ ,നിഗൂഢമായ ഏതോ നോവു  നിറച്ച രണ്ടു മിഴികൾ ,വിദൂരതയിൽ ആരെയോ തിരയുന്നുണ്ടായിരുന്നു.അപ്രതീക്ഷിതമായ  ഏതോ ദുരന്തം  വരുത്തിയ  വേദനയിൽ നിന്നും  കരകയറാൻ  ആ മിഴികൾക്കും ,അവയ്ക്കുള്ളിൽ മറഞ്ഞു കിടക്കുന്ന മനസ്സിനും കഴിഞ്ഞിട്ടില്ല .
നൈസർഗികമായ  ശാലീനത തെളിഞ്ഞു നില്ക്കേണ്ട മുഖത്ത് ദുഃഖം കരിനിഴൽ വീഴ്ത്തിയിരുന്നു.ജനാലയ്ക്കലിരുന്ന്  ഒരു വശത്തുകൂടി ഒഴുകുന്ന വണ്ടികൾ  വീക്ഷിക്കുന്നതിനിടയിലും , അവൾ അടുത്തിരുന്ന അമ്മയുടെയും  മകളുടെയും സംസാരം ശ്രദ്ധിച്ചിരുന്നു .

                                                മകൾ നഗരത്തിലെ  പ്രമുഖ സ്കൂളിലെ വിദ്യാർത്ഥിയാണെന്ന്  അവളുടെ യൂണിഫോം  വിളിച്ചു പറയുന്നുണ്ടായിരുന്നു .മകളുടെ പരീക്ഷയെക്കുറിച്ച് അവളെക്കാൾ  ആകുലപ്പെടുന്ന അമ്മ ,ഒന്നിനു പിറകെ ഒന്നായി ,നിർദ്ദേശങ്ങളുടെ ഒരു പട്ടിക മകൾക്കു മുന്നിൽ  നിരത്തുന്നുണ്ട്.

"മോളൂ , നന്നായി പ്രാർത്ഥിച്ച് പരീക്ഷയെഴുതണേ ...പേടിയൊന്നും വേണ്ട ...എളുപ്പായിരിക്കും ...അമ്മ  പ്രാർത്ഥിച്ചോളാം ."

പതിനൊന്നിലെത്തിയ  ആ കൗമാരക്കാരിയുടെ  മുഖത്ത് ,അമ്മയുടെ സ്നേഹസംഭാഷണം  അൽപം  ലജ്ജ പടർത്തി.എങ്കിലും അവൾ മൂളിക്കേട്ടുകൊണ്ടിരുന്നു.

"അമ്മ  ഇവിടെ ഇറങ്ങുവാണേ...
വൈകിട്ട്  ഇവിടെ നിന്നാൽ മതി .തന്നെ വരാൻ പേടിയില്ലല്ലോ???
നന്നായി പരീക്ഷ എഴുതണംട്ടോ ...."

ലോഗോസ്  ജംഗ്ഷനിൽ  അവരിറങ്ങി.ഈ നേരമത്രയും  അവരുടെ സംഭാഷണം ശ്രദ്ധിച്ചിരുന്ന      അവളുടെ  മിഴികൾ  നിറഞ്ഞുവോ ??.അത് തുളുമ്പാൻ  വെമ്പി നില്ക്കുന്നുവോ??


                              വിദൂരതയിൽ എവിടെനിന്നോ  ഉയരുന്ന  ആർദ്രമായ ഒരു പിൻവിളി അവളുടെയുള്ളിലും  മുഴങ്ങിയിരിക്കണം.പിന്നാലെ ഒരു വെളുത്ത മാർബിൾ ഫലകവും ,സ്വർണലിപിയിൽ  കൊത്തിയ അക്ഷരങ്ങളും അവൾക്കുമുന്നിൽ  ഉയർന്നിരിക്കണം.അതിൽ ഏറ്റവും പ്രിയപ്പെട്ട ആരുടെയോ പേര് ആലേഖനം ചെയ്തിരിക്കുന്നത് അവൾ തിരിച്ചറിഞ്ഞിരിക്കണം .

                                     അമ്മയുടെ മരണം ആ മകളുടെ ഹൃദയത്തെ വല്ലാതെ പിടിച്ചുകുലുക്കിയിരുന്നു.രണ്ടു മാസം മാത്രം പഴക്കമുള്ള ,പുതുമ മാറാത്ത ആ കല്ലറയ്ക്കുമുന്നിൽ  അവൾ മുട്ടുകുത്തി.വാടിയ പൂക്കളുടെയും ,ചന്ദനത്തിരിയുടെയും  മിശ്രഗന്ധം അവളെ  കൂട്ടിക്കൊണ്ടുപോയത് ഓർമകളിൽ മാത്രമായി ഒതുങ്ങിപ്പോയ ആ പഴയ നാളുകളിലേക്കായിരുന്നു.അമ്മ തൊട്ടടുത്തുണ്ടായിരുന്ന  ദിവസങ്ങളിലേക്ക് .എത്ര പെട്ടെന്നാണ് അവ പിടികിട്ടാത്ത  ദൂരത്തേക്കു മറഞ്ഞത്.

                                          സുവർണലിഖിതങ്ങൾക്കിടയിൽ ജനന മരണങ്ങളെ  ബന്ധിപ്പിക്കുന്ന നേർത്ത  വര അവൾ ശ്രദ്ധിച്ചിരുന്നില്ല. അതിൻറെ അപാരമായ നീളക്കുറവ്  അവൾ തിരിച്ചറിഞ്ഞിരുന്നില്ല.കേവലമായ മനുഷ്യജീവിതത്തിന്  ആ നേർത്ത വരയുടെ നീളം പോലുമില്ലെന്ന സത്യം അവൾ മനസ്സിലാക്കി തുടങ്ങിയിട്ടേയുള്ളൂ.

                                        ഓർമകൾക്കിടയിൽ ഏറ്റവും മിഴിവോടെ  തെളിഞ്ഞു നില്ക്കുന്ന ആ കല്ലറ യ്ക്കുമുന്നിൽ  നിന്ന് തിരികെ പോരുമ്പോൾ അവൾ കാതോർത്തു , സ്നേഹാർദ്രമായ ഒരു സാന്ത്വനത്തിനായി.മനസ്സിന്റെ ഉള്ളറകളിൽ എവിടെയോ ഒരു പ്രാർത്ഥന അവൾ കേട്ടു.മകളുടെ പരീക്ഷ സുഗമമാക്കാൻ ഒരമ്മയുടെ സ്നേഹം നിറഞ്ഞ പ്രാർത്ഥന.

                                     ദുഃഖങ്ങൾ മറികടക്കാൻ തൻറെ  മനസ്സ് കണ്ടെത്തുന്ന കുറുക്കുവഴികളാണിതെന്നും ,വെറും തോന്നലുകൾ മാത്രമാണെന്നും അവളുടെ ബോധമനസ്സിനറിയാം.പക്ഷേ  ഉറ്റവരുടെ വേർപാട്  സൃഷ്ടിക്കുന്ന  കോളിളക്കങ്ങളിൽ  നിന്നും കരകയറ്റി ,മനുഷ്യജീവിതത്തെ താങ്ങിനിറുത്തുന്നത് പലപ്പോഴും ഇത്തരത്തിലുള്ള മിഥ്യകളല്ലേ ?? സ്വന്തം ഭാവനയിൽ ഉരുത്തിരിയുന്ന ഉറ്റവരുമൊത്തുള്ള  പുനസമാഗമങ്ങളല്ലേ ???

                                    തൊട്ടടുത്ത സ്റ്റോപ്പിൽ  അവളിറങ്ങി .നിറഞ്ഞു തുളുമ്പാറായ  ആ മിഴികൾ , അവൾക്കു ചുറ്റുമുള്ള  ലോകത്തിൽ  നിന്ന് അവൾ എന്നന്നേക്കുമായി  മറച്ചു പിടിച്ചു.മറ്റൊന്നും  കൊണ്ടല്ല , അവൾക്കു ആശ്വാസം പകരാനുതകുന്ന  ഒന്നും ,ആരിൽ നിന്നും  പ്രതീക്ഷിക്കാനില്ലാത്തതുകൊണ്ട്....


പിൻകുറിപ്പ് 

ഒരു പതിവ് പ്രഭാതയാത്രക്കിടെ  കണ്ടുമുട്ടിയ , നിറഞ്ഞു തുളുമ്പാറായ  ആ മിഴികൾ ,ഉള്ളിലെവിടെയോ ഉടക്കി വലിക്കുന്നതായി എനിക്ക് തോന്നി
                                           

                                                

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ